ശരിയ്ക്കും നിനക്കെന്നോടെന്തു വികാരമാണ് തോന്നുന്നത്?
ഫോണിലൂടെയുള്ള യദുവിന്റെ ചോദ്യം കേട്ട് മേഘ പൊട്ടിച്ചിരിച്ചു...
കല്ല്യാണം കഴിച്ച് രണ്ട് കുട്ടികളുള്ള
നിന്റെ കയ്യിലെത്ര തരം വികാരങ്ങളുണ്ട് ?
ആദ്യം അതൊന്നു കേള്‍ക്കട്ടെ...
കളിയാക്കിയതാണെന്നറിഞ്ഞിട്ടും യദു
ശാന്തമായി അതിനിങ്ങനെ മറുപടി പറഞ്ഞു....
മേഘാ....ജനകീയ വികാരം മൂന്നു തന്നെ....
സാഹോദര്യം.. സൗഹൃദം.. പ്രണയം....
ഇതിലേതാണ് നിനക്കെന്നോട് ?
വളച്ചുകെട്ടില്ലാതെ അതുമാത്രം പറയൂ...
പരിചയത്തിന്റെ പ്രഥമ വാര്‍ഷിക ദിനത്തിലെങ്കിലും യദുവിനൊരുത്തരം കൊടുത്തില്ലെങ്കില്‍ ആത്മവഞ്ചനയായി മാറുമെന്ന് ചിന്തിച്ച മേഘ അല്‍പ്പനിമിഷത്തിനു ശേഷം ഇങ്ങിനെ തുടര്‍ന്നു ....
യദൂ...മേല്‍പ്പറഞ്ഞ വികാരത്തേക്കാള്‍ എളുപ്പമായി ഞാനൊരു സത്യം തുറന്നു പറയുകയാണ്...
ഫോണ്‍ കട്ടു ചെയ്തതിനുശേഷം അതിന്റെ വിശകലനം തേടേണ്ടത് നിന്റെ മാത്രം ഉത്തരവാദിത്വം..സമ്മതിച്ചോ ?
നൂറുവട്ടം...യദു ചിരിച്ചു മൂളി...
യദൂ....ജീവനുള്ളിടത്തോളം കാലം ഞാന്‍ നിന്റെ രാധയായിരിയ്ക്കും.....ഹൃദയം തൊട്ടു സത്യം...
നിശ്ചലമായ ഫോണ്‍ നിലത്ത് വച്ച് അവനാലോചിച്ചു..
രാധ !!!കണ്ണന് ജീവനേക്കാള്‍ പ്രിയ്യപ്പെട്ടവള്‍....
കൂടെ നടന്ന് പ്രേമിച്ചിട്ടും വൃന്ദാവനം വിട്ട് കണ്ണന്റെ കൂടെ മധുരയ്ക്ക് പോവാത്തവള്‍....
എന്നെങ്കിലുമൊരിയ്ക്കല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ സ്വപ്നങ്ങള്‍ കൊണ്ട് വെണ്ണ കടഞ്ഞവള്‍....
കാലങ്ങള്‍ക്കുശേഷം കണ്ണന്‍ തിരിച്ച് ദ്വാരകയിലെത്തിയിട്ടും തന്നെ കൊണ്ടു പോകുന്ന ദിവസം എണ്ണപ്പെട്ട് കാത്തിരുന്ന്, അവസാനം കൂടെയുള്ള തോഴിമാരൊക്കെയും കല്ല്യാണം കഴിഞ്ഞ് കുട്ടികളും കുടുംബവുമായി കഴിയുന്നത് വേദനയോടെ നോക്കിനില്‍ക്കേണ്ടി വന്നവള്‍...
എന്തുകൊണ്ടാണ് രാധയെ പരിണയിച്ചു കൊണ്ടുവരാത്തതെന്ന ഉദ്ധരുടെ ചോദ്യത്തിന് സ്വന്തം മേലങ്കി മാറ്റി ചോരപൊടിഞ്ഞ ഹൃദയത്തില്‍ യമുനാതീരത്തിരിയ്ക്കുന്ന രാധയെ
കാണിച്ചുകൊടുത്ത് കൃഷ്ണന്‍ മറുപടി പറഞ്ഞതിങ്ങനെ.....
രാധയെ ഞാനെവിടെ നിന്നും കൊണ്ടുവരേണ്ടതില്ല...
എപ്പൊഴോ അവളെന്റെ ഹൃദയത്തില്‍ കയറിയിരിയ്ക്കുന്നു...
അവളുടെ സങ്കടങ്ങളാണ് എന്നില്‍ ചോരയായി പൊടിയുന്നത്...
അവളൊത്തൊരു കുടുംബ ജീവിതം തുടങ്ങിയാല്‍ എന്റെ കര്‍മ്മങ്ങളെല്ലാം നിശ്ചലമാവും...
അത്രമേല്‍ കടുത്ത അവളുടെ പ്രേമബന്ധത്തിലകപ്പെട്ടാല്‍ ഞാനെന്റെ കര്‍ത്തവ്യങ്ങള്‍ മറക്കും...
പല പല നിയോഗങ്ങള്‍ക്കും സാക്ഷ്യം വഹിയ്ക്കേണ്ട ഞാന്‍ കേവലമൊരു മനുഷ്യന്‍ മാത്രമായി ചുരുങ്ങിപ്പോവും...
ക്ഷമ പറഞ്ഞ ഉദ്ധര്‍ തൊഴുതിറങ്ങിയെങ്കിലും കഥയവസാനിച്ചില്ല..
മകളുടെ ദുരവസ്ഥയില്‍ മനം നൊന്ത് മരിച്ച അച്ഛന് ബലിയര്‍പ്പിച്ചതിനുശേഷം ആത്മവേദനയോടെ രാധ ദ്വാരകയിലേയ്ക്കിറങ്ങി....
ദൂരെ നിന്നു കണ്ട കൃഷ്ണന്‍ അവളുടെ വിശുദ്ധമായ പ്രേമാഗ്നിയില്‍ വെന്തുരുകുമെന്ന് ഭയന്ന് രുഗ്മിണിയെ അനുനയിപ്പിയ്ക്കാന്‍ പറഞ്ഞയച്ചു..
എന്തുകൊണ്ടിനിയും കണ്ണനെന്റെ മുന്നില്‍ വരുന്നില്ലെന്ന പരിഭവക്ഷീണത്താല്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി അവളൊന്നുറങ്ങി...
പാതിമയക്കത്തില്‍ തന്നെ തലോടി രാധേയെന്നു വിളിച്ച കൃഷ്ണനെ കണ്ടപ്പോള്‍ അവളെല്ലാം മറന്നു....
തന്റെ കരവലയത്തിലലിഞ്ഞ രാധയോട് കൃഷ്ണനെല്ലാം വേദനയോടെ തുറന്നു പറയുന്നു...
അതിനപ്പുറമൊരു ദേഹസംഗമമില്ലാതെ, കാലമിത്രയായിട്ടും പ്രായം പടരാത്ത സുന്ദരിയായ രാധ ദ്വാരകയില്‍ നിന്നിറങ്ങിയെങ്കിലും പിന്നീടൊരിയ്ക്കലും വൃന്ദാവനത്തിലെത്തിയിട്ടില്ല...
കൃഷ്ണന്‍ തന്റെ ആത്മാവില്‍ ലയിപ്പിച്ചെന്ന വിശ്വാസത്തോടെ അവളുടെ കഥ അവസാനിയ്ക്കുന്നു..
രാധേയത്തില്‍ നിന്നും പുറത്തു ചാടിയ യദുവിന് മേഘയുദ്ധേശിച്ചതെന്താണെന്ന് ശരിയ്ക്കും മനസിലായി....
രണ്ടു പേര്‍ക്കും ഒരു കുടുംബമുണ്ടെന്നിരിയ്ക്കെ
അതിനൊരിളക്കം പറ്റാതെ ആത്മാവുകൊണ്ടേ പ്രേമിയ്ക്കാനാവൂ....
അതിനൊരു കാഴ്ചയോ ശബ്ദമോ ശരീരമോ ആവശ്യമില്ലല്ലോ...
ആരെയെങ്കിലും ഭയപ്പെടുകയോ കീഴ്പ്പെടുകയോ ആജ്ഞപ്പെടുകയോ വേണ്ടല്ലോ...
ഇക്കാലത്തെ തീര്‍ത്തും വികലമായ കാമബന്ധങ്ങള്‍ക്കിടയില്‍
മേഘ രാധയായി ഇടനെഞ്ചില്‍ കയറിയിരിയ്ക്കുമ്പോള്‍ അതിനപ്പുറം എന്തു ഭാഗ്യം ലഭിയ്ക്കാനാണ്....
യദു അത്യധികം സന്തോഷത്തോടെ സമ്മതമെന്നറിയിയ്ക്കാന്‍ ഫോണെടുത്തു.....
Jayaraj Parappanangadi
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.