---------മറവി--------
മറവിയൊരു മരുന്നാണെന്നു
പഴമക്കാർ എന്നാൽ
അതൊരലങ്കാരമാണ് ,
ആശ്വാസമാണ് ,
മറവിക്ക് മരുന്ന്
ശിക്ഷയാണെന്നു
പഠനം
ആവർത്തനം
പഠനത്തിന്റെ
മാതാവെന്നു മറവി ,
മനഃപൂർവ്വം
മാറ്റിവയ്ക്കുന്നൊരു
മറവിയുണ്ട് !
ഓര്മകള്ക്കുള്ളിൽ
കൂടുകൂട്ടിയിട്ടു
മറന്നുപോകുന്നവർ ,
വിസ്മൃതിയുടെ ലോകത്തേക്ക്
കടന്നുപോകാൻ വിധിക്കപ്പെട്ടവർ ,
നഷ്ടപ്പെടുന്നത്
വേദനയെന്നറിഞ്ഞിട്ടും,
വിട്ടുകൊടുക്കുന്ന
സ്നേഹത്തള്ളലിന്റെ,
കണ്ണകന്നാൽ മനസ്സകലും
എന്നറിഞ്ഞിട്ടും,
കാണാതെ വാശിയെ
പുണർന്നു മരിക്കുവോർ ,
ചങ്കു തകർന്നു പോകുന്നതറിഞ്ഞിട്ടും
മറവിയാം ചാരുകസേരകൾ
അന്വേഷിക്കുന്നവർ ,
പിന്നെയും മറവിയുണ്ട്
അമ്മയുടെ ,അച്ഛന്റെ ,
കൂടെപ്പിറപ്പിന്റെ
അഗ്നിയിൽ സ്പുടംചെയ്തെടുക്കുന്ന
പതഞ്ഞുയരും പയസ്സുപോലെ
നിറഞ്ഞു തൂവുന്നൊരു മറവി
ഉള്ളതൊക്കെയും മക്കൾക്കായ് കരുതീട്ടു
ഒരുനോക്കു കാണാൻ
കാലങ്ങൾ തപസ്സനുഷ്ഠിക്കുന്ന ,
മനസ്സിൻ മടുപ്പിലേക്കു
മിഴിതൻ തെളിച്ചത്തിലേക്കു
വിരുന്നെത്തുന്നൊരു
നിസ്സംഗതയുടെ മറവി ,
നിത്യവും കണ്ടിട്ടും
മനസ്സറിയാതെ കാഴ്ചകളിൽ
വിദൂരതകൾ തിരയുന്നൊരു മറവി ,
അതാണസ്സഹനീയം !
ദൂരങ്ങൾക്കതീതമായൊരു
സ്നേഹത്തിരമാല പൊങ്ങുന്ന
ഓർമ്മചെപ്പിലൊളിക്കാൻ ,
നീയും മറവിയെ
കൂട്ടുപിടിക്കു ....
ഇന്നിൻറെ മുഖം
വിവർണമായിടുമെങ്കിൽ!!!! l
Agnes. VR
ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.