ജനലരികിലെ പ്രേതം
(ഭാഗം-1)
Sreejith k mayannur
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. കൂരിരുട്ടിൽ കരയുന്ന ചീവീടുകളുടെ ശബ്ദം എന്റെ കാതിൽ മുഴങ്ങുകയായിരുന്നു. പൊടുന്നനെയാണ് മരണത്തിന്റെ അറിയിപ്പെന്നപോലെ കാലൻ കോഴിയുടെ ഭീകരമാംവിധമുള്ള ശബ്ദം കേൾക്കുന്നത്. എന്റെ മനസ്സിൽ ഭയത്തിന്റെ പെരുമ്പാമ്പുകൾ തലപൊക്കി. ഹൃദയമിടിപ്പ് കൂടുന്നതായി ഞാൻ മനസിലാക്കി. അവളുടെ വീട്ടിലേക്ക് ഇനിയും ദൂരം കാൽനടയായി തന്നെ പോകേണ്ടതുണ്ട്. വികസനമെത്താത്ത നാടിനെ ഞാൻ മനസ്സിൽ ശപിക്കുന്നുണ്ടായിരുന്നു. ഓരോ കാൽവെപ്പിലും എന്റെ ഭയം കൂടി കൂടി വന്നു. ആദ്യമായാണ് ഈ വഴിക്ക് അസമയത്ത് സഞ്ചരിക്കുന്നത്. ആൾ സഞ്ചാരം വളരെ കുറവുള്ള വിജനമായ വഴി. സന്ധ്യാനേരം തുടങ്ങിയാൽ പിന്നെ ഈ വഴിക്ക് ആരും സഞ്ചരിക്കില്ല. പേടിപ്പെടുത്തുന്ന പ്രേതകഥകൾ തന്നെയാണ് അതിനു കാരണം. ഓരോ മുത്തശ്ശികഥയിലും ഈ നാട്ടിലെ ഭയാനകമായ അന്തരീക്ഷവും അതിനു തെളിവെന്ന രീതിയിലുള്ള സംഭവവികാസങ്ങളും ഉൾക്കൊണ്ടിരുന്നു. ഞാനും അത്തരം മുത്തശ്ശികഥകൾ കേട്ടുകൊണ്ട് തന്നെ വളർന്നതാണ്. തൊഴുപ്പാടത്തേക്കുള്ള ഈ യാത്ര ചിലപ്പോൾ എന്റെ മരണത്തിൽ വരെ എത്തി നിൽക്കാം. മായന്നൂരിൽ നിന്നും തൊഴുപ്പാടത്തേക്കുള്ള യാത്ര ഇത്തിരി ദുസ്സഹനീയമാണ്. കാടിന്റെ ഓരം പിടിച്ചുള്ള നടത്തമാണ്. വന്യമൃഗങ്ങളുടെ ശബ്ദവും വളരെ നന്നായി തന്നെ എനിക്ക് കേൾക്കാമായിരുന്നു. ചീവീടുകളുടെ ശബ്ദം എന്റെ ചെവി തുളക്കുന്നതായി തോന്നി. ഇത്തിരി അകലെ നിന്നും ഒരു ഓരിയിടൽ കേട്ടു. കുറുക്കന്മാരുടെ കൂട്ടം ആണ്. അവയുടെ കൂട്ടത്തോടെയുള്ള ഓരിയിടൽ എന്റെ ഹൃദയത്തിന്റെ ഉടുക്കുകൊട്ടുന്ന ശബ്ദത്തിന്റെ തീവ്രത കൂട്ടി. കുറച്ചു മുൻപോട്ട് പോയാൽ ഭാരതപ്പുഴയുടെ ഓരം പിടിക്കാം. ഒരു വശം കാടാണ്. മറുവശം പുഴയും. പകൽ സമയത്ത് ഞാൻ കുറെ തവണ ഇതുവഴി വന്നിട്ടുണ്ട്. ഇടക്ക് ഓരോ കാളവണ്ടി മാത്രമാണ് വരുക. ചന്തയിലേക്ക് പലചരക്കുകളും പച്ചക്കറികളും കൊണ്ടുപോകുന്നവരാണ്. അവരോടൊപ്പം കയറിയാൽ ചായകാശു കൊടുത്തു യാത്ര ചെയ്യാം. പകൽ മാത്രമാണ് അങ്ങനെ ഒരു അവസരം കിട്ടുകയുള്ളൂ. സന്ധ്യ കഴിയും മുൻപ് എല്ലാവരും അവരവരുടെ ഗ്രാമത്തിൽ എത്തിച്ചേരും. പേടിപ്പെടുത്തുന്ന പ്രേതകഥകൾ തന്നെയാണ് അതിനു കാരണം. പൊടുന്നനെ കാലിൽ എന്തോ കുത്തി. ഒരു മുള്ള്. ഒരു നിമിഷംകൊണ്ട് ജീവൻ പോയ വേദന. പുഴയുടെ ഓരം എത്തി. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. നല്ല തണുപ്പ്. ഇവിടെ എത്തിയപ്പോൾ അന്തരീക്ഷം മാറി. കൂടുതൽ തണുപ്പ് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. മുള്ള് വലിച്ചൂരി അടുത്തുള്ള ഒരു ചെടിയുടെ നീര് പിഴിഞ്ഞൊഴിച്ചു ഞാൻ യാത്ര തുടർന്നു.
ചിനക്കത്തൂരിലെ പൂരത്തിനാണ് ഞാൻ അവളെ ആദ്യമായിട്ട് കാണുന്നത്. പതിനേഴിന്റെ തുടുതുടുപ്പ് അവളിൽ പ്രകടമായിരുന്നു. കുതിരവേല കാണാൻ എല്ലാ ദൂരദേശക്കാരും വരും. രാത്രിയിലെ കൂത്ത് നടക്കുമ്പോഴാണ് ചുവന്ന പാവാട ധരിച്ച അവളെ ഞാൻ നോക്കി നിൽക്കുന്നത്. വെളുത്തു തുടുത്ത മുഖത്ത് കരിമഷികൊണ്ട് കണ്ണെഴുതിയ അവളെ ആരും മോഹിക്കും. ഒരു പരിഷ്‌ക്കാരിയായ ചെറുപ്പക്കാരൻ ആയതിനാലാവാം എന്നെയും നോക്കി. പത്താം ക്ലാസ് കഴിഞ്ഞു ടൈപ്പ് റൈറ്റിങ് പഠിച്ചു മദിരാശിയിലേക്ക് വണ്ടി കയറിയതാണ് ഞാൻ. ഒരു പ്രാദേശിക ആഴ്ചപത്രത്തിൽ ജോലിയും കിട്ടി. മദിരാശി പട്ടണം വളരെ വികസനം വന്ന ഒരു പട്ടണം ആണ്. എന്റെ ജീവിതം അതിനോട് യോജിച്ചുപോയി. അതിനാൽ തന്നെ എന്റെ നാടും എന്റെ നാട്ടുകാരും പഴഞ്ചരാണെന്ന തോന്നൽ എനിക്കുണ്ട്. പൂരം കഴിഞ്ഞു മടങ്ങുമ്പോൾ ഞാനും എന്റെ ഒരു ചങ്ങാതിയും കൂടെ അവളെ പിൻതുടർന്നു. അച്ഛൻ,അമ്മ,അവൾ,അനിയത്തി. നാലുപേർ അടങ്ങിയ കുടുംബം. വീടും പേരും കണ്ടുപിടിച്ചിട്ടാണ് മടങ്ങിയത്. തുടർന്നുള്ള ദിവസങ്ങളിലും ഞാൻ ചങ്ങാതിയെ കൂട്ടി അവളെ കാണാൻ പോകുമായിരുന്നു. തയ്യൽ പഠിക്കാൻ പോകുന്ന വഴിയെ അവളെ കാണുകയും പ്രണയം അറിയിക്കുകയും ചെയ്തു. അവളുടെ മുഖത്തിൽ നിന്നും ഞാൻ വായിച്ചെടുത്തു അവൾക്കും എന്നെ ഇഷ്ടമാണെന്ന്.
തുടർന്നുള്ള ദിവസങ്ങളിൽ എഴുത്തുകൾ കൈമാറാൻ തുടങ്ങി. അതിൽ എന്റെയും അവളുടെയും ഹൃദയങ്ങൾ പരസ്പരം കൈമാറിയിരുന്നു. മദിരാശിയിലേക്ക് പോകുന്നതിന്റെ തലേദിവസം അവളെ ചുംബിച്ചു. ആദ്യമായിട്ടാണ് ഞാനും അവളും ഒരു ചുംബനത്തിന്റെ സ്വാദ് അറിയുന്നത്. ലീവ് കഴിഞ്ഞാൽ പോവാതെ നിവർത്തിയില്ല. ഒരു മാസം കഴിഞ്ഞു അടുത്ത വരവ്. അതുവരെ കത്ത് എഴുത്ത് തുടർന്നു. ഒരു മാസം കഴിഞ്ഞു വന്നപ്പോൾ ആദ്യം കാണാൻ പോയത് അവളെയാണ്. ശർക്കരപ്പാവ് ചേർത്തുണ്ടാക്കിയ കടല ബർഫി കൊടുത്തു. അവൾക്ക് എന്നോട് അഗാധമായ പ്രണയം ആണ്. എനിക്കും അങ്ങനെ തന്നെ ആണെന്ന് അവൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഞാൻ വിളിച്ചപ്പോൾ ഇറങ്ങിവരാം എന്ന് അവൾ സമ്മതിച്ചതും. വീട്ടുകാർ തമ്മിൽ കല്യാണകാര്യം സംസാരിച്ചതാണ്. അന്യജാതി ആയതിനാൽ ഒരു ഒത്തുതീർപ്പ് രണ്ടുകൂട്ടർക്കും ഇല്ലായിരുന്നു. ആയതിനാൽ ഒളിച്ചോടാം എന്ന് തന്നെ തീരുമാനിച്ചു. മദിരാശിയിൽ ചെന്ന് താമസം ശരിയാക്കണം. അവളെ വിളിച്ചുകൊണ്ടുവരാൻ ആണ് ഈ രാത്രി തന്നെ പോകുന്നതും.
പതിനഞ്ചു മിനുട്ട് കൂടി നടന്നാൽ ഗ്രാമത്തിന്റെ അതിർത്തിയിലേക്ക് കടക്കാം. ഒരു കാളയുടെ കുളമ്പടി കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. മനസ്സിൽ ഭയം തോന്നുന്നുണ്ടായിരുന്നു. ഒന്നുംതന്നെ കണ്ടില്ല. എനിക്ക് തോന്നിയതാണെന്നു വിചാരിച്ചു മുൻപോട്ട് നടന്നു. അടുത്ത കാൽവെയ്പ്പിൽ ചവിട്ടിയത് ഒരു കരിംപൂച്ചയെ. അതിന്റെ അലർച്ച കേട്ട് ഞെട്ടി വിറച്ചു. മുൻപോട്ട് നോക്കിയപ്പോൾ കണ്ടത് മുടി അഴിച്ചിട്ട സ്ത്രീരൂപം.
(തുടരും)
-- ശ്രീജിത്ത് കെ മായന്നൂർ --
ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur
ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി