"പതിവില്ലാതെ ഇന്നലെ രാത്രിയിലൊരു സ്വപ്നം ഞാൻ കണ്ടു.അദ്യമൊന്നും ഞാൻ കണ്ട രൂപം അധികം തെളിച്ചമുണ്ടായില്ല.ഞാനൊന്നുകൂടി സൂക്ഷിച്ചു നോക്കി.
" ദൈവമേ ഇതെന്റെ അമ്മയല്ലേ.എത്രനാളുകൂടിയാണ് അമ്മയൊന്നു കാണുന്നത്"
അപ്പോഴമ്മ പറഞ്ഞു
"നിനക്കെന്നെ ഓർക്കാനെവിടാ സമയം. ഞാൻ മരിച്ചു കഴിഞ്ഞപ്പം നിനക്കു വെറുപ്പായിരുന്നില്ലേ എന്നോട്"
"അമ്മേ അത്.അമ്മക്കും അറിയാമല്ലോ. മരിക്കുന്നതിനു മുമ്പ് എന്നോടെന്താ പറഞ്ഞത്.ഒന്നോർത്തു നോക്കിയേ"
"മോനേ അമ്മമാർ പലതും പറയും.ചീത്ത വിളിക്കും അടിക്കും.അതൊക്കെ മക്കളുടെ നന്മയെ കരുതിയാണ്.അല്ലാതെ സ്നേഹമില്ലാത്തതിനാലോ ഇഷ്ടമില്ലാത്തതോ അല്ല"
"അങ്ങനെ ആയിരുന്നെങ്കിൽ എനിക്കു വിഷമമില്ലായിരുന്നു.മരിക്കുന്നതിനു മുമ്പ് അമ്മയെന്താ പറഞ്ഞത്"
എന്റെ മറുപടി കേട്ടാകാം അമ്മ മെല്ലെ തല താഴ്ത്തി
"അമ്മ മരിച്ചാൽ എന്റെമോൻ അനാഥനാകും.രണ്ടാനമ്മയുടെ കുത്തുകൊള്ളാൻ വിടില്ല.ഒന്നാമത് നീ സുഖമില്ലാത്ത കുട്ടിയല്ലേ.നിനക്കു മരുന്നും പാലും തരാനായി ആരുമില്ല.അമ്മ മരിക്കില്ലെടാ കണ്ണാ നീയുറങ്ങൂന്നും പറഞ്ഞു താരാട്ടുപാടി ഉറക്കിയ മകനെ അമ്മ പറ്റിച്ചില്ലേ.എന്നിട്ട് വിഷവും കുടിച്ചു ആത്മഹത്യ ചെയ്യുകയും ചെയ്തില്ലേ"
"നിനക്കന്നു എന്റെ മാനസികനില എന്താണെന്നറിയില്ല.ഞാനൊരമ്മ മാത്രമല്ല.ഭാര്യയും കൂടിയാണ്. നിനക്കു മകനെന്ന സ്ഥാനത്തിൽ നിന്നു ചിന്തിച്ചാൽ മതി.എനിക്കു ഒരുപാടു ഭാഗങ്ങൾ ചിന്തിക്കണം.ഒരാവർത്തിയാണു അദ്ദേഹം തെറ്റു ചെയ്തതെങ്കിൽ ഞാൻ ക്ഷമിക്കും.പലയാവർത്തി ആയി.പലരും പറഞ്ഞെങ്കിലും ഞാൻ പറഞ്ഞത് നേരിൽ കണ്ടാലെ വിശ്വസിക്കൂന്ന്.അങ്ങനെ ഞാനെല്ലം കണ്മുന്നിൽ കണ്ടു.നീയെന്റെ മകനാണു .ഇതിൽ കൂടുതൽ ഒരമ്മക്കു മകനോട് പറയാൻ കഴിയില്ല"
"അമ്മയെന്റെ തലയിൽ കൈവെച്ചു സത്യം ചെയ്തതല്ലെ മരിക്കില്ലെന്നു .അതാണെനിക്കു അമ്മയോട് വെറുപ്പായത്"
"അതുകൊണ്ടാണല്ലോ എന്റെ ബോഡി കൊണ്ടുവന്നിട്ട് നിന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീരു വരാഞ്ഞത്.എന്റെ സ്വഭാവം തന്നാ നിനക്കും.വാശിയുടെ കാര്യത്തിൽ നീയൊട്ടും മോശമല്ലല്ലോ"
"അമ്മ ആകാശത്തിരുന്നു കണ്ടതല്ലേ അമ്മയുടെ മകൻ എങ്ങനെയൊക്കെയാ ജീവിച്ചതെന്ന്"
"എനിക്കെല്ലാം അറിയാം മോനെ.ഈ അമ്മയോട് മോൻ ക്ഷമിക്കണം. അങ്ങനെയെങ്കിലും എന്റെ ആത്മാവിനു മോഷം ലഭിക്കട്ടെ.നിന്റെ ശാപം കാരണമാ ഞാൻ ഗതിയില്ലാ ആത്മാവായി അലയുന്നത്"
"ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്..അമ്മയെ ഓർത്തു.അമ്മ ജീവിച്ചിരുന്നെങ്കിൽ ഞാനിങ്ങനെ അലയേണ്ടി വരില്ലെന്നോർത്ത്.അന്നത്തെ ബാലൻ മനസു കൊണ്ട് പ്രാകിയട്ടുണ്ട് അമ്മയെ.അമ്മ എന്നോട് ക്ഷമിക്കണം"
"ഞാനാണ് ക്ഷമ പറയണ്ടത്.അമ്മ മക്കളെ എങ്ങനെങ്കിലും വളർത്തും.അച്ഛനും എല്ലാം കൊണ്ടുവരാനെ കഴിയൂ.ചിറകിനടിയിൽ ഒളിപ്പിക്കാൻ കഴിയില്ല."
"എന്റെ അനുഭവം ഇത് തന്നെയല്ലേ അമ്മേ"
"എനിക്കറിയാംഎനിക്കിന്ന് കണ്ണീർ പൊഴിക്കാൻ പോലും അർഹതയില്ല.നിന്നെ പിരിഞ്ഞിട്ടു വർഷം ഇരുപത്തിനാലു കഴിഞ്ഞു.ഇനിയെങ്കിലും അമ്മക്കായി മോൻ കർമ്മങ്ങളെല്ലാം ചെയ്യണം.വരുന്ന കർക്കിടവാവിനു അമ്മ കാത്തിരിക്കും"
"എന്റെയമ്മ കരയുന്നത് കാണാനെനിക്കു ഇന്നു കരുത്തില്ല.കാരണം സത്യാവസ്ഥ മനസിലായി.അമ്മയുടെ മനസ്സും.ഞാൻ കർമ്മങ്ങൾ ചെയ്യാം അമ്മേ.എന്റെ അമ്മയുടെ ആത്മാവിനു ഞാഞാൻ കാരണം മോക്ഷം ലഭിക്കാതിരിക്കരുത്"
ഞാൻ ഇത്രയും പറഞ്ഞതിനാലാവാം അമ്മയുടെ മുഖമെന്റെ മനസ്സിൽ കൂടുതൽ മിഴിവാർന്നുവന്നു.സ്നേഹത്തോടെ അമ്മയെന്നെ ചേർത്തണച്ചു.ഇരുപത്തിനാലു വർഷം നൽകാൻ അമ്മക്കു നൽകാൻ കഴിയാതിരുന്ന സ്നേഹവും വാത്സല്യവും എനിക്കു പകർന്നു നൽകി.
ഇനിയെങ്കിലും എനിക്കെന്റെ അമ്മയോട് മകനെന്നുള്ള കടമകൾ തീർക്കണം.ഇരുപത്തിനാലു വർഷം എനിക്കു നൽകാൻ കഴിയാതിരുന്ന മകന്റെ സ്നേഹം നൽകണം.വീണ്ടുമൊരു കർക്കിടക വാവിനായി ഞാൻ കാത്തിരിക്കുന്നു.
എന്റെയമ്മ സന്തോഷിക്കുന്ന മുഖവുമായി ഈ മകന്റെ മനസിലേക്കു കടന്നു വരാനായി.
എനിക്കമ്മയെ കുറിച്ച് എഴുതണമായിരുന്നു.ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു.കണ്ണു നിറയുന്നതിനാൽ ഞാനിവിടെ എഴുതി നിർത്തുന്നു"
എന്ന്
- സുധി മുട്ടം
Sudhi Muttam
will update shortly