"എനിക്ക് തെറ്റ് പറ്റി ആര്യേ.. ഞാൻ കാരണമാ നമ്മുടെ കല്യാണിമോൾ ഇപ്പോൾ സങ്കടപ്പെട്ടത്..."
അരുണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. ഭിത്തിയിൽ മാലയിട്ട് വച്ചിരിക്കുന്ന ആര്യയുടെ ഫോട്ടോയിൽ നോക്കി അരുൺ തുടർന്നു.
"എന്നും എന്റെ കൂടെ ഉണ്ടാകുമെന്നല്ലേ നീ പറഞ്ഞത്. എന്നിട്ട് നമ്മുടെ കല്യാണിമോളുടെ മുഖംപോലും ഒരു നോക്ക് കാണാതെ എന്നെ പറ്റിച്ച് പോയിക്കളഞ്ഞില്ലേ നീയ്...."
അരുൺ ഓർത്തു.
* * * * * * *
വീട്ടുകാർ തന്നെ കണ്ടെത്തി തന്നതാണ് ആര്യയെ. വലംകാൽ വച്ച് അവൾ വന്നുകയറിയത് ഈ വീട്ടിലേക്ക് മാത്രമായിരുന്നില്ല തന്റെയും അമ്മയുടെയും മനസ്സിലേക്ക് കൂടിയായിരുന്നു. ആര്യയുടെ കുട്ടിക്കാലത്ത് തന്നെ അവൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തന്റെ അമ്മയെ തന്നേക്കാളേറെ അവൾ സ്നേഹിച്ചു. അമ്മയ്ക്കും അവൾ സ്വന്തം മകളായിരുന്നു. അച്ഛന്റെ മരണശേഷം അമ്മയുടെ മുഖം പ്രസന്നമായതും അവളുടെ വരവോടെയാണ്. അമ്മയോടൊപ്പം വൈകുന്നേരങ്ങളിൽ അമ്പലത്തിൽ പോകുവാനും സന്ധ്യാസമയത്ത് ഉമ്മറത്ത് നിലവിളക്ക് തെളിയിക്കാനും അവളേറെയിഷ്ടപ്പെട്ടു.
അതുപോലെ തനിക്കവൾ വെറും ഭാര്യ മാത്രമായിരുന്നില്ല. എന്നോ നഷ്ടപ്പെട്ടുപോയ ഒരു കൂട്ടുകാരിയായും ഒരു അനിയത്തിക്കുട്ടിയുടെയായി കുറുമ്പ് കാട്ടുവാനും ഒരമ്മയെപ്പോലെ ശാസിക്കാനും അവൾക്ക് കഴിഞ്ഞിരുന്നു.
ഒടുവിൽ കല്യാണിമോളെ തന്റെ കൈയിലേൽപ്പിച്ച് ആരോടും ഒന്നും പറയാതെ അവൾ പോയി.
ഏഴുവർഷക്കാലം അവളെ നോക്കിയത് അമ്മയായിരുന്നു. ഒടുവിൽ തന്നെയും മോളെയും തനിച്ചാക്കി അമ്മയും പോയി ആര്യയുടെ അടുത്തേക്ക്.. ഈ പ്രായത്തിൽ ഒരു ഒരു പെൺകുഞ്ഞിന് അച്ഛനെക്കാൾ വേണ്ടത് ഒരമ്മയുടെ സാമീപ്യവും സംരക്ഷണവുമാണെന്ന് എല്ലാവരും പറഞ്ഞപ്പോൾ കല്യാണിമോളുടെ നന്മയ്ക്കായി താനും സമ്മതം മൂളുകയായിരുന്നു.
അങ്ങനെ കല്യാണിമോൾക്ക് നല്ലൊരു അമ്മയായിരിക്കും എന്ന് വാക്ക് തന്നുകൊണ്ട് അർച്ചന ജീവിതത്തിലേക്ക് കടന്നുവന്നു.
കല്യാണിമോൾക്ക് അവൾ നല്ലൊരു അമ്മ തന്നെയായിരുന്നു. മോളെ ഒരുക്കി സ്കൂളിൽ അയക്കാനും പാഠങ്ങൾ പറഞ്ഞു കൊടുക്കാനും അവൾക്കിഷ്ടപ്പെട്ട നാലുമണി പലഹാരങ്ങൾ ഉണ്ടാക്കി വാതിൽക്കൽ കാത്തുനിൽക്കുവാനും അവൾക്കിണങ്ങുന്ന വസ്ത്രങ്ങൾ വാങ്ങുവാനും എല്ലാം അർച്ചനയ്ക്ക് ഉത്സാഹമായിരുന്നു. ചില സമയങ്ങളിൽ താൻ ചിന്തിച്ചിട്ടുണ്ട് -ആര്യയുടെ ആത്മാവ് അർച്ചനയിലുണ്ടോയെന്ന്. ഇതിനിടയിൽ അർച്ചനയിൽ തനിക്കൊരു മകൾ പിറന്നു. പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നു.
താനും അർച്ചനയും കല്യാണിമോളും മീനാക്ഷിമോളും.....
എന്നാൽ സന്തോഷകരമായ ജീവിതത്തിന് ഇടയ്ക്കെപ്പോഴോ താളപ്പിഴ സംഭവിച്ചു.
അർച്ചനയുടെ കൂട്ടുകാരിയെ ഇടയ്ക്ക് കാണാനിടവന്നു. സന്തോഷകരമായി തുടങ്ങിയ അവരുടെ സംസാരത്തിനിടയിൽ അർച്ചനയുടെ മുഖം മങ്ങിയത് താൻ ശ്രദ്ധിച്ചു. കൂട്ടുകാരി യാത്ര പറഞ്ഞുപോയശേഷം താനതിനെപ്പറ്റി തിരക്കിയെങ്കിലും അവൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
പിന്നീടുള്ള ദിവസങ്ങളിൽ അർച്ചനയുടെ ശ്രദ്ധ കുറഞ്ഞു. കല്യാണിമോളുടെ കാര്യങ്ങൾ തഴഞ്ഞു. ചോദിച്ചപ്പോഴൊക്കെ തലവേദനയെന്നും മറ്റും പറഞ്ഞൊഴിഞ്ഞു.
ഒരുനാൾ മീനാക്ഷിമോൾ കളിച്ചുകൊണ്ടിരുന്നതിനിടയിൽ വന്നുവീണ് കൈയിലെ തൊലിപൊട്ടി. അക്കാരണത്താൽ അർച്ചന അന്നാദ്യമായി കല്യാണിമോളെ തല്ലി. തല്ലിയ വേദനയേക്കാൾ ആ കുഞ്ഞുമനസ്സിനെ തളർത്തിയത് അർച്ചനയുടെ വാക്കുകളായിരുന്നു. "എന്റെ കുഞ്ഞിനെ കൊല്ലുവാൻ വേണ്ടി ഇറങ്ങിയേക്കുവാ കുട്ടിപ്പിശാച്. അതെങ്ങനാ സ്വന്തം അമ്മയെക്കൊന്നിട്ടല്ലേ ജന്മം എടുത്തത് "
ഇതുകേട്ട് സ്തബ്ധനായി നിന്നുപോയി താൻ. കല്യാണിമോളുടെ മുഖം വാടി. തലതാഴ്ത്തി ഏങ്ങലടിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി.
"അർച്ചനേ.. നീയെന്താ പറഞ്ഞതെന്ന് ബോധ്യമുണ്ടോ.. ?" ആർദ്രമായി അരുൺ ചോദിച്ചു.
"ബോധത്തോടുകൂടി തന്നെയാ ഞാൻ പറഞ്ഞത്. എനിക്കെന്റെ മോളാണ് വലുത്. അതിനെക്കൊല്ലാൻ നോക്കിയാൽ പിന്നെ ഞാനെന്ത് ചെയ്യണം." അർച്ചനയുടെ വാക്കുകൾ തീപ്പൊരി പോലെ ചിതറി.
"നിനക്കെങ്ങനെ ഇത് പറയാൻ കഴിഞ്ഞു. എന്നെക്കാളേറെയല്ലേ കല്യാണിമോൾ നിന്നെ സ്നേഹിച്ചത്. ജനിച്ചിന്നുവരെ അവൾ അവളുടെ അമ്മയുടെ കുറവ് അറിഞ്ഞിട്ടില്ല അറിയിച്ചിട്ടുമില്ല. എന്റെ ജീവിതത്തിലേക്ക് നീ വരുമ്പോൾ തന്ന വാക്കോർമ്മയുണ്ടോ.. ?കല്യാണിമോൾക്ക് നീ നല്ലൊരു അമ്മയായിരിക്കുമെന്ന്. അല്പസമയം മുൻപുവരെ നീയവൾക്ക് നല്ലൊരമ്മയായിരുന്നു എനിക്ക് നല്ലൊരു ഭാര്യയായിരുന്നു. രണ്ടാനമ്മമാരുടെ പീഡനമേൽക്കുന്ന കുഞ്ഞുങ്ങളെപ്പറ്റി കേട്ടിട്ടുണ്ട് പലപ്പോഴും. അപ്പോഴെല്ലാം ഞാൻ അഭിമാനിച്ചിരുന്നു എന്റെ അർച്ചന അങ്ങനെയല്ലെന്ന്. പക്ഷേ ഇന്ന് നീ അടിച്ച അടിയേക്കാൾ അവൾ വേദനിച്ചത് നിന്റെ വായിൽ നിന്നുവീണ വാക്കുകൾ കേട്ടാണ്. കഴിഞ്ഞ മൂന്നുവർഷക്കാലമായി നിന്റെ ചൂടേറ്റാ കല്യാണിമോൾ ഉറങ്ങുന്നത്.ഭക്ഷണസമയത്ത് നീ നല്കുന്ന ഓരോ ഉരുളകളും അമൃതാ അവൾക്ക്. അച്ഛനെന്ന വാക്കിനേക്കാൾ കഴിഞ്ഞ മൂന്നുവർഷക്കാലം ഈ വീട്ടിൽ നിറഞ്ഞത് 'അമ്മേ' എന്നുള്ള വിളിയാ. ഒരിക്കൽ ഞാനവളെ തല്ലാനോങ്ങിയപ്പോൾ നീ പറഞ്ഞതോർമ്മയുണ്ടോ 'എന്റെ മോളെ തല്ലാൻ നിങ്ങൾക്കെന്താ അവകാശമെന്ന് 'അന്നെന്റെ മനസ്സ് നിറഞ്ഞു. അന്ന് കല്യാണിമോൾ നിന്നെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. നീ പറഞ്ഞല്ലോ മീനാക്ഷിമോളെ കൊല്ലുമെന്ന് കല്യാണി നിന്നെക്കാൾ മീനൂട്ടിയെ കൊണ്ടുനടക്കുന്നത് അവളാ. ഇന്നുവരെ ആ കുഞ്ഞിനെ ഒരു നോട്ടം കൊണ്ടെങ്കിലും കല്യാണി നോവിച്ചിട്ടുണ്ടോടീ..
ഇന്ന് ആ കുഞ്ഞാ തകർന്നുകൊണ്ട് അകത്തേക്ക് കയറിപ്പോയത്. കഴിഞ്ഞ മൂന്നുവർഷക്കാലം ഞാൻ ആര്യയെപ്പറ്റി ഓർത്തിട്ടേയില്ല. ഇന്ന് ഞാൻ ഓർത്തുപോകുകയാ എന്റെ ആര്യയുണ്ടായിരുന്നെങ്കിലെന്ന്. നിന്റെ മനസ്സിൽ ആരോ കുത്തിവച്ച വിഷമെടുത്ത് കളയെടീ... എന്നിട്ടാലോചിക്ക് നീ ചെയ്തത് ശരിയാണോയെന്ന്.." നിറമിഴികൾ തുടച്ച് അരുൺ അകത്തേക്ക് കയറിപ്പോയി.
* * * * * * * *
നിന്നനില്പിൽ ഉരുകിത്തീർന്നെങ്കിലെന്ന് അർച്ചന മോഹിച്ചു. സാരിത്തുമ്പുകൊണ്ട് വായപൊത്തി കരഞ്ഞുകൊണ്ട് അർച്ചന ചുവരിലൂടെ ഊർന്ന് നിലത്തിരുന്നു.
ശരിയാണ് എന്റെ സ്വന്തം മോളായിരുന്നു കല്യാണിമോൾ. ഇന്നുവരെയും വേർതിരിവ് കാണിച്ചിട്ടില്ല. മീനാക്ഷിയെക്കാൾ കല്യാണിക്കാണ് തന്നോടെറെ പ്രിയവും.
ആദ്യമായ് 'അമ്മ ' എന്ന വിളികേട്ടതും കല്യാണിമോളുടെ നാവിൽനിന്നാണ്. ആ കുഞ്ഞിനെയാണല്ലോ ഈശ്വരാ ഞാൻ വേദനിപ്പിച്ചത്. ഓർക്കുന്തോറും അർച്ചനയ്ക്ക് ഇടനെഞ്ച് പൊടിയുന്നതുപോലെ തോന്നി. ഇന്നുവരെ ആര്യയെപ്പറ്റി കല്യാണിമോൾ പറയുന്നത് കേട്ടിട്ടില്ല. എന്തിനേറെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ആര്യയുടെ ചിത്രത്തിൽപോലും ഇന്നുവരെയവൾ നോക്കി നിന്നിട്ടില്ല.
എന്തായിരുന്നു തനിക്ക് സംഭവിച്ചത്... ?കുറച്ചുനാൾ മുൻപ് തന്റെ കൂട്ടുകാരി നീത പറഞ്ഞ വാക്കുകൾ അതാണല്ലോ എന്റീശ്വരാ എന്റെ മനസ്സിൽ വിഷമായി നിറഞ്ഞത്. ആ രംഗം അർച്ചനയുടെ മനസ്സിൽ തെളിഞ്ഞു.
"അർച്ചനേ...നിനക്കെന്താ ഭ്രാന്തുണ്ടോ.. ?നിനക്കും ഒരു പെൺകുഞ്ഞാ.. നിന്റെ ഭർത്താവിന്റെ സ്വത്തെല്ലാം ആ കൊച്ചിന് തന്നെയാ. അതുപോട്ടെ ജീവൻപോയാൽ തിരിച്ചുകിട്ടുമോ.. ?ഇത്തിരി കഴിയുമ്പോൾ ആ കൊച്ചിന് തോന്നും അവൾ മാത്രം നിന്നെ അമ്മേയെന്ന് വിളിച്ചാൽ മതിയെന്ന്. അതിനായി നിന്റെ രക്തത്തിൽപിറന്ന നിന്റെ കുഞ്ഞിനെ ചിലപ്പോൾ ഇല്ലാതാക്കിയെന്നും വരും. ഇന്നത്തെ കാലമാണ് ഒന്നും പറയാൻ പറ്റില്ല നീ സൂക്ഷിച്ചോ.. "
കല്യാണിമോളുടെ മുറിയിൽ നിന്നും ശബ്ദം കേട്ട അർച്ചന അകത്തേക്ക് കുതിച്ചു. മുറിയിലിരുന്ന പഴയ ആൽബത്തിലെ ആര്യയുടെ ഫോട്ടോയിലേക്ക് നോക്കി ഏങ്ങലടിച്ചു കരയുകയാണ് കല്യാണിമോൾ. വിതുമ്പിക്കൊണ്ട് അവൾ ഫോട്ടോ നോക്കി സംസാരിക്കുന്നു.
"ഞാൻ കാരണമാണോ അമ്മ മരിച്ചുപോയത്. പറയ് അമ്മേ ഞാൻ കാരണമാണോ. ഇന്നുവരെയും ഞാൻ ആര്യാമ്മയെപ്പറ്റി ചിന്തിച്ചിട്ടേയില്ല. എന്നെ പൊന്നുപോലെയാ എന്റെ ഇവിടുത്തെ അമ്മ നോക്കുന്നെ. മീനാക്ഷിമോൾ എന്റെ വാവയല്ലേ... ഞാനവളെ കൊല്ലുവോ.. എന്റെ വാവയെ നോവിക്കാൻ പോലുമെനിക്കാവില്ല. കൊണ്ടുപോകുമോ അമ്മയുടെ അടുത്തേക്ക് എന്നെയും.
കല്യാണിമോളേ..... അർച്ചന പാഞ്ഞുചെന്ന് കുഞ്ഞിന്റെ വായപൊത്തി.
"അങ്ങനെ പറയല്ലേ മോളേ... അമ്മയോട് ക്ഷമിക്ക് മോളേ.. കുറച്ചുനേരമെങ്കിലും ഞാൻ സ്വാർത്ഥയായിപോയി.ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും നീയെന്റെ മോൾ തന്നെയാ എന്റെ പൊന്നുമോൾ. നിന്റെ നാവിൽ നിന്നാണ് അമ്മയെന്ന വിളി ഞാൻ കേട്ടത്. ഒരമ്മയുടെ നിർവൃതി അറിഞ്ഞതും നിന്നിലൂടെയാ. ഇനിയമ്മ പറയില്ല അങ്ങനൊന്നും. അമ്മയോടൊന്ന് ക്ഷമിക്ക് മോളേ...."
കല്യാണിമോളുടെ പാദങ്ങളിൽ വീണ് അർച്ചന കരഞ്ഞു.
അമ്മേ... സന്തോഷത്തോടെ കല്യാണിമോൾ അർച്ചനയുടെ നെഞ്ചിൽ പറ്റിചേർന്നു.
അകത്തേക്ക് വന്ന അരുൺ കണ്ടു -ഇനിയാർക്കും പിരിക്കാൻ പറ്റില്ലെന്ന ഉറപ്പിന്മേൽ കല്യാണിമോളെ ചുറ്റിപ്പിടിച്ച അർച്ചനയുടെ കൈകൾ. അർച്ചനയുടെ നെഞ്ചിലെ ചൂടുപറ്റി ഒരു പൂച്ചക്കുഞ്ഞിനെയെന്നപോൽ ചേർന്നിരിക്കുന്ന കല്യാണിമോളെയും അരികിൽ കുസൃതി കാട്ടിച്ചിരിക്കുന്ന മീനാക്ഷിമോളെയും.
- സിമി അനീഷ്
Simi Aneesh
സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ